ഭാഗ്യക്കുറിവകുപ്പിന്റെ കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാധനസഹായ പദ്ധതിയെ കുറിച് വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാരഭാഗ്യക്കുറികളിൽനിന്നുള്ള അറ്റാദായം വിനിയോഗിച്ചു ചികിത്സാസഹായം നൽകുന്ന പദ്ധതി.

ലഭിക്കുന്ന സഹായം:വൃക്കരോഗികൾക്ക് 3,00,000 രൂപവരെ, ഹീമോഫീലിയ രോഗികൾക്കു പരിധിയില്ലാതെ ആജീവനാന്തചികിത്സാസഹായം, പദ്ധതിയിലുൾപ്പെടുത്തിയ മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് 2,00,000 രൂപ വരെ.

അവയവദാതാവി‌ന്‌ ഒരുലക്ഷം രൂപയു‌ടെ‌ ധനസഹായം.

പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങൾ:

1. ക്യാൻസർ (കീമോതെറാപ്പി/റേഡിയോ തെറാപ്പി/സർജറി ഉൾപ്പെടെ)
 
2. ഹൃദയശസ്ത്രക്രിയ (സ്റ്റെന്റിന്റെ വില ഉൾപ്പെടെയുള്ള ചെലവ്)
 
3. തലച്ചോർ, കരൾ ശസ്ത്രക്രിയകൾ
 
4. വൃക്ക, കരൾ, ഹൃദയം എന്നിവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ
 
5. വൃക്കരോഗചികിത്സ
 
6. ഹീമോഫീലിയ (വരുമാനത്തിനും തുകയ്ക്കും പരിധിയില്ലാതെ ആജീവനാന്തം)
 
7. സാന്ത്വനചികിത്സ
 
8. മാരകമായ ശ്വാസകോശരോഗങ്ങൾ
 
9. നട്ടെല്ല്, സുഷുമ്നാനാഡി എന്നിവയ്ക്കുള്ള ഗുരുതരക്ഷതങ്ങൾ

അർഹതാ മാനദണ്ഡം:എല്ലാ ബി.പി.എൽ. കുടുംബങ്ങളും വാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയു‌ള്ള‌ എ.പി.എൽ. കുടുംബങ്ങളും ഈ പദ്ധതിയിലൂ‌ടെ‌ ചികിത്സാസഹായത്തിന് അർഹരാണ്.

സംസ്ഥാനത്തെ എല്ലാ സർക്കാരാശുപത്രികളിലും ത്രിതല ആശുപത്രികളായ ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, റീജിയണൽ ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ എന്നിവയിലും പരിയാരം സഹകര‌ണ‌ മെഡിക്കൽ കോളെജ് ആശുപത്രിയിലും കൊച്ചിൻ ക്യാൻസർ സെന്ററിലും പദ്ധതിപ്രകാരം സൗജന്യചികിത്സ അനുവദിക്കും.

കൂടാതെ പദ്ധതിയുമായി നിലവിൽ അക്രഡിറ്റ് ചെയ്തിട്ടുള്ള 61‌ സ്വകാര്യാശുപത്രികളിലും 28 ഡയാലിസിസ് സെന്ററുകളിലും പദ്ധതിപ്രകാരമുള്ള സഹായം ലഭിക്കും. ചികിത്സാതുക ആശുപത്രികൾക്കാണു നൽകുന്നത്. അപേക്ഷ ഓഫീസിൽ നൽകിയ തീയതി മുതൽ ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും. ഹീമോഫീലിയ രോഗികൾക്ക് ആജീവനാന്തം ഫാക്ടറുകൾക്കുള്ള ധനസഹായം നൽകും.

സർക്കാർ ആശുപത്രികളിലെയും ത്രിതല ആശുപത്രികളിലേയും പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളെജ് ആശുപത്രിയിലെയും കൊച്ചിൻ ക്യാൻസർ സെന്ററിലെയും ചികിത്സയ്ക്ക് മുൻകൂർ അനുമതി നൽകും. എന്നാൽ സ്വകാര്യ അക്രഡിറ്റഡ് ആശുപത്രികളിലെ ചികിത്സ ജില്ലാതലസമിതിയുടെ ശുപാർശ‌യ്ക്കു‌ ശേഷം മാത്രമേ അനുവദിയ്ക്കൂ.

അപേക്ഷിക്കേണ്ട വിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിർദ്ദിഷ്ട രേഖകൾക്കൊപ്പം രോഗിക്കു റേഷൻ കാർഡുള്ള ജില്ലയിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസർക്കു നൽകാം. ഇതിൽനിന്ന് അർഹരായവരെ ജില്ലാതലസമിതി ശുപാർശചെയ്ത് സംസ്ഥാനതലസമിതിക്കു നൽകും. ആ സമിതി അംഗീകരിച്ചശേഷം തുക ആശുപത്രിയധികൃതർക്കു കൈമാറും. അടിയന്തരസാഹചര്യത്തിലുള്ള അപേക്ഷ ഫാസ്റ്റ് ട്രാക്കായി സ്വീകരിച്ച് കളക്ടർ മുഖേന പ്രീ-ഓതറൈസേഷൻ സർക്കാരാശുപത്രികൾക്കു നൽകുന്നുണ്ട്. ഇത്തരത്തിലുള്ള അപേക്ഷകരുടെ ചികിത്സയ്ക്ക് ഇംപ്രസ്റ്റ് മണിയായി പത്തുലക്ഷം രൂപവീതം സർക്കാരാശുപത്രികൾക്കു നൽകിയിട്ടുണ്ട്. അക്രഡിറ്റഡ് ആശുപത്രികളിൽ ഈ സൗകര്യം ലഭ്യമല്ല.

വേണ്ട രേഖകൾ:

1. റേഷൻ കാർഡിന്റെ പകർപ്പ്
 
2. ബന്ധപ്പെട്ട ആശുപത്രികളിൽനിന്നു ലഭിക്കുന്ന എസ്റ്റിമേറ്റ് ഓഫ് എക്സ്‌‌പെൻഡിച്ചർ.
 
3. രോഗിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
 
4. രോഗി കുടുംബാംഗങ്ങൾക്കൊപ്പം വീടിനു മുൻപിൽ നിന്ന് വീടു മുഴുവനായി കാണാവുന്ന ഫോട്ടോ.

അപേക്ഷിക്കേണ്ട വിലാസം:അതാത് ജില്ലാ ഭാഗ്യക്കുറി ഓഫീസ്

സമയ പരിധി:

1. ചികിത്സ തുടങ്ങുന്നതിനുമുമ്പ് കെ.ബി.എഫിൽനിന്ന് മുൻകൂർ അനുമതിക്കായി അപേക്ഷ നൽകണം (എഫ്‌ 1 ഫോം)
 
2. അടിയന്തരസാഹചര്യത്തിൽ അഡ്മിറ്റായ ശേഷവും ധനസഹായത്തിന് അപേക്ഷിക്കാം. (എഫ്‌ 2 ഫോം)
 
3. സർക്കാരാശുപത്രികളിൽ അടിയന്തരസാഹചര്യത്തിൽ സർജറി നടത്തിയാൽ അതിനുശേഷം 72 മണിക്കൂറിനുള്ളിൽ അപേക്ഷിക്കണം. (സമയപരിധിക്കുള്ളിൽ അവധി ദിവസം വന്നാൽ അടുത്ത പ്രവൃത്തി ദിവസം അപേക്ഷ നൽകണം.)

ഫോമുകളുടെ വിവരം:രണ്ടു ഫോമുകൾ - എഫ്‌ 1, എഫ്‌ 2 എന്നിവ.

നടപ്പാക്കുന്ന ഓഫീസ്:ധനസഹായം അനുവദിക്കുന്നത് കാരുണ്യ ബനവലന്റ് ഫണ്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിൽനിന്നാണ്.

ഓഫീസിന്റെ വിലാസം:

അഡ്മിനിസ്‌ട്രേറ്റർ,
കാരുണ്യ ബനവലന്റ് ഫണ്ട്,
കെ‌.എ‌സ്‌.ആർ.ടി‌‌.സി‌. ബ‌സ്‌ ടെർമിനൽ കോംപ്ല‌ക്സ്‌, മൂന്നാംനി‌ല‌,
തമ്പാനൂർ,
തിരുവനന്തപുരം 695 00‌1‌.
ഫോൺ: 0471 233‌0‌448‌, 233044‌9‌
വെബ്‌സൈറ്റ്: Karunya Benevolent Fund

tesz.in
Hey , can you help?
Answer this question