കുടുംബശ്രീ ചെയുന്ന കാര്യങ്ങൾ വിവരിക്കാമോ?






Manu Manu
Answered on June 07,2020

പ്രാദേശികസാമ്പത്തികപ്രവര്‍ത്തനം - സൂഷ്മസാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണകൾ

മാച്ചിങ് ഗ്രാന്റ്
പ്രവർത്തനം ആരംഭിച്ച് 6 മാസം കഴിഞ്ഞതും നബാർഡിന്റെ എസ്.എച്ച്.ജി ഗ്രേഡിംഗ് നടപടികൾ മുഖേന ഗ്രേഡിംഗ് പാസായി ലിങ്കേജ് വായ്പ ലഭിച്ചതുമായ അയൽക്കൂട്ടങ്ങൾക്കാണ് മാച്ചിംഗ് ഗ്രാന്റ് ലഭിക്കുന്നത്. ഒരു അയൽക്കൂട്ടത്തിന് 5,000 രൂപ വരെ മാച്ചിംഗ് ഗ്രാന്റ് തുകയായി നൽകി വരുന്നു.

പലിശസബ്‌സിഡി
ബാങ്ക് ലിങ്കേജ് വായ്പ എടുത്തിട്ടുള്ള അയൽക്കൂട്ടങ്ങൾക്ക് 4% പലിശ നിരക്കിൽ ബാങ്കുവായ്പ ലഭ്യമാക്കുന്ന പദ്ധതി. ഗ്രാമപ്രദേശത്തെ അയല്‍ക്കൂട്ടങ്ങൾക്ക് മൂന്നുലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കാണ് പലിശസബ്‌സിഡി ആനുകൂല്യം ലഭിക്കുക. നഗരപ്രദേശങ്ങളിൽ ഇതിനു പരിധിയില്ല.

റിവോൾവിങ് ഫണ്ട്
ഗ്രാമപ്രദേശങ്ങളിലെ സി.ഡി.എസ്സുകളിലെ മൂന്നുമാസം പൂർത്തീകരിച്ച അയൽക്കൂട്ടങ്ങൾക്ക്‌ 1‌0‌,000‌ രൂ‌പ‌ മുതൽ 15,000 രൂപ വരെ‌ റിവോൾവിങ്‌ ഫണ്ടായി ലഭിക്കു‌ന്നു‌. റിവോൾവിങ് ഫണ്ട് ലഭ്യമാക്കുന്നതുവഴി അയൽക്കൂട്ടങ്ങളുടെ മൊത്തം സമ്പാദ്യം വർദ്ധിക്കുകയും അങ്ങനെ കൂടുതൽ തുക ആന്തരികവായ്പയായി അംഗങ്ങൾക്കു വിതരണം ചെയ്യാൻ അയൽക്കൂട്ടത്തിനു കഴിയുകയും ചെയ്യുന്നു.

വൾനറബിലിറ്റി റിഡക്‌ഷൻ ഫണ്ട്
അയൽക്കൂട്ടങ്ങൾ നേരിടേണ്ടിവരുന്ന ആകസ്മികപ്രശ്നങ്ങൾ, അസുഖം, അപകടം, പ്രകൃതിദുരന്തം, പട്ടിണി തുടങ്ങിയവയ്ക്കുള്ള അടിയന്തരസഹായം എന്ന നിലയ്ക്ക് എഡിഎസ് മുഖാന്തിരം നൽകിവരുന്ന ഫണ്ടാണ് വൾനറബിലിറ്റി റിഡക്‌ഷൻ ഫണ്ട്. ഒരു അയൽക്കൂട്ടത്തിന് 15,000 രൂപ നൽകാവുന്നതാണ്. വി.ആർ.എഫ് തുക ജില്ലാമിഷൻ ഗഡുക്കളായി എഡിഎസ് ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകിവരുന്നു.

കുടുംബശ്രീ സ്ത്രീസുരക്ഷ ബീമാ യോജന
അയല്‍ക്കൂട്ടാംഗങ്ങളുടെ ജീവനു പരിരക്ഷ നല്‍കുകയും അവരുടെ 9 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്ക് പ്രതിവര്‍ഷം 1200 രൂപവീതം സ്കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുന്ന ഇന്‍ഷുറന്‍സ് പദ്ധതി. ഓരോ വര്‍ഷവും ജൂലൈ, ജനുവരി മാസങ്ങളിൽ 600 രൂപ വീതം രണ്ട് അര്‍ദ്ധവാര്‍ഷികഗഡുക്കളായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. കുടുംബശ്രീയും എൽ.ഐ.സിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷുറന്‍സ് പദ്ധതിയിൽ 75 വയസ്സുവരെ ഉള്ളവരെ ഉള്‍പ്പടുത്തിട്ടുണ്ട്. അംഗങ്ങൾ വാര്‍ഷികപ്രീമിയമായി 180 രൂപ അടച്ചാൽമതി. 51 മുതൽ 75 വരെ പ്രായമുള്ളവർക്ക് പ്രീമിയം തുക 160 രൂപ മാത്രമാണ്.

പ്രാദേശികസാമ്പത്തികവികസനം വിവിധ ഉപജീവനപദ്ധതികളിലൂടെ

കാര്‍ഷിക-മൃഗസംരക്ഷണമേഖലാപ്രവര്‍ത്തനങ്ങൾ
ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുള്ള പലിശസബ്‌സിഡി:കൃഷിയിൽ താത്പര്യമുള്ള 4 മുതൽ 10 വരെ അയല്‍ക്കൂട്ടവനിതകളെ ഉള്‍പ്പെടുത്തി സംഘക്കൃഷി ചെയ്യാൻ രൂപവത്ക്കരിക്കുന്ന ഗ്രൂപ്പുകൾ. ഒരുലക്ഷം രൂപവരെയുള്ള വായ്പക്ക് 5% വരെ പലിശയിളവുണ്ട്.

കാര്‍ഷികസഹായകേന്ദ്രങ്ങൾ (എഫ്.എഫ്.സി.):കാര്‍ഷികരംഗത്തെ സ്ത്രീകര്‍ഷകർക്ക് ആധുനിക അറിവും വിജ്ഞാനവും നല്‍കുന്നതിനായി പഞ്ചായത്തുതലത്തിൽ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളാണ് എഫ്.എഫ്.സി. സംസ്ഥാനത്തൊട്ടാകെ 972 എഫ്.എഫ്.സികൾ പ്രവര്‍ത്തിക്കുന്നു. കര്‍ഷകർക്ക് ആവശ്യമായ പരിശീലനങ്ങൾ നല്കുക, ആധുനികയന്ത്രങ്ങൾ മിതമായ നിരക്കിൽ വാടകയ്ക്കു ലഭ്യമാക്കുക എന്നിവ ഈ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്.

ബയോഫാര്‍മസികൾ:ജൈവകൃഷിക്ക് ആവശ്യമായ ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, വളർച്ചാത്വരകങ്ങൾ എന്നിവ ഉത്പാദിപ്പിച്ചു കുടുംബശ്രീ ജെ.എൽ.ജി.കൾക്കു ലഭ്യമാക്കാൻ ആരംഭിച്ച കേന്ദ്രങ്ങൾ. നിലവിൽ 428 ബയോഫാര്‍മസികൾ പ്രവര്‍ത്തിക്കുന്നു.

നാട്ടുചന്ത:കുടുംബശ്രീ ഉല്‍പന്നങ്ങൾക്ക് ഇടനിലക്കാരെ ഒഴിവാക്കി മികച്ച വിപണിയും വിലയും ഉറപ്പുവരുത്തുന്നതിനു നാട്ടുചന്തകൾ സംഘടിപ്പിക്കുന്നു.
വെബ്‌സൈറ്റ്: www.naattuchantha.com.

കാര്‍ഷിക ഇന്‍സെന്റീവുകൾ:തരിശുഭൂമി കൃഷിയോഗ്യമാക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുമായി വനിതാകര്‍ഷകർക്കു കുടുംബശ്രീ നല്‍കുന്ന സഹായമാണ് ഏരിയാ ഇന്‍സെന്റീവുകൾ.

ഇന്‍സെന്റീവുകൾ ലഭിക്കുന്നതിനുള്ള ഘടകങ്ങൾ:

  കാര്‍ഷിക ഇന്‍സെന്റീവ് (ഹെക്ടറിന്)
    സ്വന്തഭൂമി പാട്ടഭൂമി
നം വിള പാരമ്പര്യ മായുള്ളത് വിഷരഹിത മായത് പാരമ്പര്യ മായുള്ളത് വിഷരഹിത മായത്
1 നെല്ല് 8,000 8,500 9,600 10,200
2 സുഗന്ധനെല്ല് (ജൈവകൃഷി) 8,000 8,500 9,600 10,200
3 മരച്ചീനി 4,000 4,500 4,500 4,950
4 പന്തൽ പച്ചക്കറികൾ (പാവയ്ക്ക, പയർ, ചുരയ്ക്ക, കോവൽ മുതലായവ) 8,000 11,200 8,800 12,000
5 പന്തൽ വേണ്ടാത്ത പച്ചക്കറികൾ (വെണ്ടയ്ക്ക, ചീര, വഴുതന മുതലായവ) 7,000 9,800 7,700 10,580
6 ശീതകാല പച്ചക്കറികൾ 7,000 7,500 7,700 8,250
7 നേന്ത്രവാഴ (2500 എണ്ണം) 5,000 6,000 5,500 6,600
8 വാഴ, പൂവൻ, ഞാലിപ്പൂവൻ, പാളയൻകോടൻ (2000 എണ്ണം) 5,000 6,000 5,500 6,600
9 ചെങ്കദളി (2000 എണ്ണം) 5,000 6,000 5,500 6,600
10 പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ 6,000 6,500 6,600 7,150
11 കൈതച്ചക്ക (20,000 തൈകൾ) 6,000 6,500 6,600 7,150
12 ഇഞ്ചി, മഞ്ഞൾ 6,000 6,500 6,600 7,150
13 കൂവ 5,000 5,500 5,500 6,050
14 ചേന, ചേമ്പ്, കാച്ചിൽ 5,000 5,500 5,500 6,050
15 മധുരക്കിഴങ്ങ്, മറ്റു കിഴങ്ങുവർഗ്ഗങ്ങൾ 5,000 5,500 5,500 6,050
16 കച്ചോലം   6,500    
  ഔഷധസസ്യങ്ങൾ (വാർഷികവിള)
17 ബ്രഹ്മി   5,000   5,500
18 ചിറ്റരത്ത   6,000   6,600
19 കോളിയസ്   5,000   5,500
20 കറ്റാർവാഴ   5,000   5,500
21 തിപ്പലി   5,500   6,050
22 തുളസി   3,000   3,300
23 ശതാവരി   5,000   5,500
  ഔഷധസസ്യങ്ങൾ (ബഹുവർഷവിള)
24 പട്ട   6,500   7,150
25 ഇഞ്ചിപ്പുല്ല്   4,000   7,700
26 ആടലോടകം   7,000   7,700
27 കിരിയാത്ത്   4,000   4,400
28 പുത്തരിച്ചുണ്ട   4,000   4,400
29 നീലയമരി   4,000   4,400
30 തീറ്റപ്പുല്ല്   4,000   4,400
31 വെറ്റില        
  5 സെന്റിന്   450   495
  10 സെന്റിന്   500   550
32 മൾബറി   500   550
33 കരിമ്പ്‌ 7,000 7,500 8,000 8,500


അഗ്രികള്‍ച്ചറൽ ടെക്‌നോളജി ഫണ്ട്:കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾക്ക് നൂതനമായ ശാസ്ത്രസാങ്കേതികവിദ്യ നടപ്പിലാക്കാനും അനുബന്ധോപകരണങ്ങൾ വാങ്ങാനും നല്‍കുന്ന അധികധനസഹായം. ജെ.എൽ.ജി. വാങ്ങാനോ നടപ്പിലാക്കാനോ ഉദ്ദേശിക്കുന്ന കാര്‍ഷികോപകരണങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ ചെലവിന്റെ 40%, പരമാവധി 2,00,000 രൂപ, രണ്ട് ഗഡുക്കളായി നല്കും. അനുവദിക്കാവുന്ന തുകയുടെ 50% ആദ്യഗഡുവായി പ്രൊപ്പോസൽ അംഗീകരിക്കുന്ന മുറയ്ക്കും ബാക്കി തുക പദ്ധതി തുടങ്ങി 4 മാസത്തിനു ശേഷവും ലഭിക്കും.

നെല്ലുല്പന്ന സംഭരണ സംസ്കരണ ഫണ്ട്:കുടുബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളതും നിലവിലുള്ളതുമായ ഉല്‍പാദകകൂട്ടായ്മകള്‍ക്കും ഉല്‍പാദകക്കമ്പനികള്‍ക്കും പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ പലിശരഹിത-ഹ്രസ്വകാലവായ്പകൾ നല്‍കുന്നു. ഒരു സീസണിൽ കുറഞ്ഞത് 10 ടൺ നെല്ല് സംഭരിച്ച് അരിയാക്കി വിപണിയിൽ എത്തിക്കാൻ തക്കവണ്ണം അടിസ്ഥാനസൗകര്യങ്ങളുള്ള ഉല്‍പാദകക്കൂട്ടായ്മകൾ, ഉല്‍പാദകക്കമ്പനികൾ എന്നിവയ്ക്കാണ് അര്‍ഹത. നെല്ലുശേഖരണം, സംസ്കരണം, ബ്രാന്‍ഡിങ് എന്നീ ചെലവുകള്‍ക്കായി, സംഭരിക്കുന്ന നെല്ലിന്റെ 80% നു സപ്ലൈക്കോയുടെ നെല്ല് സംഭരണനിരക്കിൽ പരമാവധി 20 ലക്ഷം രൂപ അനുവദിക്കും. ഇതിനു പുറമേ വേണ്ടിവരുന്ന തുക ബാങ്കുവായ്പ, ഗുണഭോക്തൃവിഹിതം, മറ്റു ധനസ്രോതസ്സുകൾ തുടങ്ങിയവയിലൂടെ കണ്ടെത്തണം.

കാര്‍ഷിക മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ക്കുള്ള ധനസഹായം:കുടുംശ്രീ മുഖേന ആരംഭിക്കുന്ന കാര്‍ഷിക മൂല്യവര്‍ദ്ധിത യൂണിറ്റുകൾക്ക് പദ്ധതിത്തുകയുടെ 40 ശതമാനമോ 2,00,000 രൂപ വരെയോ പൊതുസേവനകേന്ദ്രങ്ങൾക്കു പദ്ധതിത്തുകയുടെ 40 ശതമാനമോ 3,00,000 രൂപ വരെയോ മൂലധനസബ്‌സിഡിയായി നല്കും.

കേരള ചിക്കൻ:വനിതാകര്‍ഷകർക്കു മികച്ച വരുമാനം നേടിക്കൊടുക്കാൻ മൃഗസംരക്ഷണമേഖലയിൽ ആരംഭിച്ച പദ്ധതി. 1000 കോഴികളുള്ള ഫാമാണ് ആരംഭിക്കേണ്ടത്. പരിശീലനം കുടുംബശ്രീ നല്കും.

ആനിമൽ ബര്‍ത്ത് കണ്‍ട്രോൾ യൂണിറ്റ്:തെരുവുനായനിയന്ത്രണത്തിന് ആരംഭിച്ച യൂണിറ്റുകൾ. ഒരു നായയെ പിടിച്ചു വന്ധീകരിക്കുന്നതിന് 2100 രൂപ ലഭിക്കും. 3.84 കോടി രൂപയാണ് ഈ സംരംഭത്തിലൂടെ 55 യൂണിറ്റുകൾ ഒരുവര്‍ഷംകൊണ്ടു നേടിയത്.

ക്ഷീരസാഗരം:അഞ്ചു ഗുണഭോക്താക്കൾക്ക് 10 പശുക്കളുള്ള മിനി ഫാം ആരംഭിക്കാനുള്ള പദ്ധതി. ഒരു യൂണിറ്റിന് ആകെ പദ്ധതിത്തുക 6.25 ലക്ഷം രൂപ. ഇതിൽ 2.18 ലക്ഷം രൂപ സബ്‌സിഡിയായി നല്കും. ബാക്കി വായ്പയായി കണ്ടെത്തണം.

ആടുഗ്രാമം പദ്ധതി:അഞ്ചു ഗുണഭോക്താക്കൾ വീതമുള്ള ഗ്രൂപ്പുകളാണ് ഇതിൽ രൂപവത്ക്കരിക്കുക. ഒരു ഗ്രൂപ്പിന് 20 ആടുകൾ ഉണ്ടാകണം. ആകെ പദ്ധതിത്തുക 1.50 ലക്ഷം രൂപ. ഇതിൽ 5000 രൂപ മൂലധനസബ്‌സിഡിയായി നല്കും.

ജനനി ഇന്‍ഷുറന്‍സ്:സംസ്ഥാനത്ത് ആദ്യമായി ഇറച്ചിക്കോഴിമേഖലയിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കുടുംബശ്രീ കേരള ചിക്കൻ ഗുണഭോക്താക്കളാണ് ഈ പദ്ധതിയുടെ പരിധിയിൽ വരിക. പ്രതിവര്‍ഷം 90 ലക്ഷം ഇറച്ചിക്കോഴികളെ ഈ പദ്ധതിയിൽ ഇന്‍ഷ്വർ ചെയ്യും.

ജെനോവ മുട്ടഗ്രാമം പദ്ധതി:കുടുംബശ്രീ മുട്ടഗ്രാമം പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന നാടൻ‌മുട്ട സംസ്ഥാനവ്യാപകമായി സംഭരിച്ച് പ്രതിദിനം പത്തുലക്ഷം മുട്ട വിപണിയിലെത്തിക്കാനും അതിലൂടെ കര്‍ഷകർക്കു മികച്ച വരുമാനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. എഗ്ഗ് കിയോസ്കുകൾ, പായ്ക്കിങ് സെന്ററുകൾ എന്നിവ ആരംഭിക്കുന്നതിന് ഒന്നരലക്ഷം രൂപ കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ടിൽനിന്നു ലഭ്യമാക്കുന്നു.

അരുമമൃഗങ്ങളുടെ പരിപാലനം:അരുമമൃഗങ്ങളുടെ പരിപാലനം, പ്രജനനം, വിവിധ ഉല്പന്നങ്ങളുടെ വിപണനം തുടങ്ങിയവ ലക്ഷ്യമാക്കി ആരംഭിക്കുന്ന യൂണിറ്റുകൾക്ക് 50,000 രൂപ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിയായി നല്‍കുന്നു.

പാലിന്റെ മൂല്യവര്‍ദ്ധനയ്ക്കു പ്രത്യേകപദ്ധതി:പാലിൽനിന്നു മൂല്യവര്‍ദ്ധിതോത്പന്നങ്ങൾ നിര്‍മ്മിച്ചു വിപണിയിലെത്തിക്കുന്ന യൂണിറ്റുകൾക്ക് ഒന്നരലക്ഷം രൂപ കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ടിൽനിന്നു ലഭ്യമാക്കും. അല്ലെങ്കിൽ 50,000 രൂപ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിയായി നല്കും.

വിവിധയിനം സൂക്ഷ്മസംരംഭപദ്ധതികൾ

എ) ഗ്രാമീണ ചെറുകിട സൂക്ഷ്മ സംരംഭപദ്ധതി (ആർ.എം.ഇ): 55 വയസ്സിനു താഴെയുള്ള സ്ത്രീകൾ വ്യക്തിഗതമായോ സംഘം ചേർന്നോ ആരംഭിക്കുന്ന സംരംഭങ്ങളാണ് ഗ്രാമീണ ചെറുകിട സൂക്ഷ്മ സംരംഭപദ്ധതി (ആർ.എം.ഇ.). ഈ പദ്ധതിയിൽ ഉൾപ്പെടുന്ന അംഗങ്ങൾക്ക് വിദ്യഭ്യാസയോഗ്യത പ്രത്യേകമായി പരാമർശിക്കുന്നില്ല. എന്നാൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നേരിട്ട് അംഗത്വമുള്ളവർ ആയിരിക്കണം.
ബി) യുവശ്രീ പദ്ധതി: അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണിത്. സ്ത്രീകൾ മാത്രമോ, പുരുഷന്മാർ മാത്രമോ, പുരുഷന്മാരും സ്ത്രീകളും ചേർന്നോ യൂണിറ്റുകൾ ആരംഭിക്കാം. പുരുഷന്മാർ നേരിട്ട് അയൽക്കൂട്ടത്തിൽ ഇല്ലെങ്കിലും അവരുടെ കുടുംബാംഗങ്ങൾ അയൽക്കൂട്ടത്തിൽ ഉണ്ടായിരിക്കണം.
സി) യുഎംഇ: നഗരപ്രദേശങ്ങളിലെ കുടുംബശ്രീവനിതകൾക്കായുള്ള സംരംഭകപദ്ധതിയാണിത്.

കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങള്‍ക്കായുള്ള സാമ്പത്തികസഹായങ്ങൾ

റിവോൾവിങ് ഫണ്ട്
കുടുംബശ്രീയുടെ ഗ്രാമീണസൂക്ഷ്മസംരംഭവികസനപദ്ധതി (ആർ.എം.ഇ) പ്രകാരമോ യുവശ്രീ പദ്ധതി പ്രകാരമോ ആരംഭിച്ച വ്യക്തിഗത/ഗ്രൂപ്പ് സംരംഭങ്ങൾ, പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട്, ലിങ്കേജ് വായ്പ, കേന്ദ്രാവിഷ്കൃതപദ്ധതികൾ മുഖേന ഫണ്ട് ലഭ്യമാക്കി ആരംഭിച്ചതും റിവോൾവിങ് ഫണ്ട് ലഭ്യമാക്കിയിട്ടില്ലാത്തതുമായ കുടുംബശ്രീ സംരംഭങ്ങൾ എന്നിവയ്ക്കു പ്രവര്‍ത്തനമാരംഭിച്ച് ആറു മാസമാകുന്ന മുറയ്ക്കു ലഭിക്കുന്ന ധനസഹായമാണിത്. പ്രവര്‍ത്തനമൂലധനം വര്‍ദ്ധിപ്പിക്കുക എന്നതാണു ലക്ഷ്യം. ഗ്രൂപ്പ് സംരംഭങ്ങൾക്കു നിലവിലുള്ള സംരംഭത്തിന്റെ യഥാർത്ഥ പ്രൊജക്റ്റ് റിപ്പോർട്ട് അനുസരിച്ചുള്ള 40% - ഒരു ഗ്രൂപ്പിനു പരമാവധി 40,000 രൂപ. വ്യക്തിഗതസംരംഭങ്ങൾക്കു നിലവിലുള്ള സംരംഭത്തിന്റെ യഥാർത്ഥ പ്രൊജക്റ്റ് റിപ്പോർട്ട് അനുസരിച്ചുള്ള തുകയുടെ 20% - പരമാവധി 10,000 രൂപ ആണു റിവോൾവിങ് ഫണ്ടായി നല്കുന്നത്.

ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട്
പ്രതിസന്ധി നേരിടുന്ന സൂക്ഷ്മസംരംഭകർക്ക് പലിശരഹിത ഹ്രസ്വകാല വായ്പ പ്രദാനം ചെയ്യുകയാണ് പ്രധാനലക്ഷ്യം. നിലവിലുള്ള സൂക്ഷ്മസംരംഭങ്ങളുടെ പ്രവർത്തനം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ വ്യവസ്ഥകൾക്കു വിധേയമായി ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട് ലഭിക്കാൻ അർഹതയു‌ണ്ട്‌. വ്യക്തിഗതസംരംഭങ്ങൾക്കു‌ രണ്ടുലക്ഷം രൂപയും ഗ്രൂപ്പുസംരംഭങ്ങൾക്കു‌ മൂന്നരലക്ഷം രൂപയും അനുവദിക്കും. ഈ തുക‌ ആറുമാസത്തിനകം ജില്ലാമിഷനിൽ തിരിച്ചടയ്ക്കണം.

രണ്ടാംഘട്ടധനസഹായം
നിലവിലുള്ളതും എന്നാൽ കുറഞ്ഞത് മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതുമായ സംരംഭങ്ങൾക്ക് അവരുടെ സംരംഭമേഖല വിപുലപ്പെടുത്താനും കൂടുതൽ ഉത്പന്നങ്ങൾ/സേവനങ്ങൾ വിപണിയിൽ എത്തിക്കാനുമായി നല്‍കുന്ന സാമ്പത്തികസഹായമാണിത്. സംരംഭവിപുലീകരണത്തിനായി പ്രത്യേകപ്രൊജക്റ്റ് തയ്യാറാക്കേണ്ടതാണ്. പുതിയ പ്രൊജക്റ്റിന്റെ പദ്ധതിത്തുകയുടെ 40% [ഒരു സംരംഭകയ്ക്ക്(ന്) 50,000 രൂപ എന്ന നിരക്കിൽ സംരംഭകരുടെ എണ്ണത്തിന് ആനുപാതികമായി പരമാവധി 5,00,000 രൂപ എന്ന പരിധിക്കു വിധേയമായി] രണ്ടാംഘട്ടധനസഹായം അനുവദിക്കും. ഇതിനുപുറമേ വേണ്ടിവരുന്ന തുക ബാങ്കുവായ്പ, ഗുണഭോക്തൃവിഹിതം, മറ്റു ധനസ്രോതസുകൾ തുടങ്ങിയവയിലൂടെ കണ്ടെത്തണം. പുതുതായി തയ്യാറാക്കുന്ന പ്രൊജക്റ്റിന്റെ പദ്ധതിത്തുക വ്യക്തിഗതസംരംഭമാണെങ്കിൽ 2,00,000 രൂപയിലും ഗ്രൂപ്പ് സംരംഭമാണെങ്കിൽ 12,00,000 രൂപയിലും അധികമാകാൻ പാടില്ല.

കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ട് (സിഇഎഫ്)
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ കീഴിൽ തെരഞ്ഞെടുത്ത ഗ്രാമപ്രദേശങ്ങളിലെ കുടുംബശ്രീ സംരംഭകർക്ക് (വ്യക്തിഗതം/ഗ്രൂപ്പ്) നിലവിലുള്ള കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പരിഷ്‌ക്കരിച്ച് ലഘുസംരംഭങ്ങളുമായി ബന്ധപ്പെട്ട ഉപജീവനാവശ്യങ്ങൾക്കു മാത്രമായി ലളിതമായ വ്യവസ്ഥകളിൽ സിഡിഎസിൽനിന്നുതന്നെ ലഘുവായ്പകൾ നല്‍കുന്നതിനുള്ള പദ്ധതിയാണിത്. വ്യക്തിഗതസംരംഭങ്ങൾക്ക് 50,000 രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് 1,50,000 രൂപയും ഇതുപ്രകാരം പരമാവധി വായ്പ ലഭിക്കും.

ടെക്‌നോളജി ഫണ്ട്
വിജയകരമായി പ്രവർത്തിച്ചുവരുന്ന സൂക്ഷ്മസംരംഭങ്ങൾക്ക്/സംരംഭകക്കൂട്ടായ്മകൾക്ക് അവരുടെ പ്രവർത്തനം ഗുണപരമായും അളവുപരമായും മെച്ചപ്പെടുത്താൻ അനുവദിക്കു‌ന്ന‌ അധികധനസഹായം. സംരംഭം വാങ്ങാൻ ഉദ്ദേശിക്കുന്ന സാങ്കേതികവിദ്യ, യന്ത്രസാമഗ്രികൾ, അനുബന്ധോപകരണങ്ങൾ (ഭൂമി, കെട്ടിടം ഒഴികെ) എന്നിവയുടെ ചെലവിന്റെ 40% [ഒരു സംരംഭകയ്ക്ക്(ന്) 50,000 രൂപ എന്ന നിരക്കിൽ സംരംഭകരുടെ എണ്ണത്തിന് ആനുപാതികമായി പരമാവധി 5,00,000 രൂപ എന്ന പരിധിക്കു വിധേയമായി] ടെക്‌നോളജി ഫണ്ട് അനുവദിക്കും. ഇതിനുപുറമേ വേണ്ടിവരുന്ന തുക ബാങ്കുവായ്പ, ഗുണഭോക്തൃവിഹിതം, മറ്റുധനസ്രോതസുകൾ തുടങ്ങിയവയിലൂടെ കണ്ടെത്തണം.

ഇന്നവേഷൻ ഫണ്ട്
നൂതനമായ സംരംഭാശയങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന സൂക്ഷ്മസംരംഭങ്ങൾക്കും തങ്ങളുടെ അടിസ്ഥാനസൗകര്യം, യന്ത്രസാമഗ്രികൾ, പ്രവർത്തനരീതി, പ്രവർത്തനമണ്ഡലം എന്നീ മേഖലകളിൽ നൂതനമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്ന നിലവിലുള്ള സൂക്ഷ്മസംരംഭങ്ങൾക്കും തന്മൂലമുണ്ടാകുന്ന ക്ലേശങ്ങൾ പരിഹരിക്കാൻ ധനസഹായം നൽകാനാണ് ഇന്നവേഷൻ ഫണ്ട്. ആകെ പ്രോജക്റ്റുതുകയുടെ 40% (ഒരു കുടുംബത്തിന് 35,000 രൂപ, ആകെ 3,50,000 രൂപ എന്നീ പരിധികൾക്കു വിധേയമായി) ഇന്നവേഷൻ ഫണ്ട് അനുവദിക്കാം.

ടെക്‌നോളജി അപ്ഗ്രഡേഷൻ ഫണ്ട്
വിജയകരമായി കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സംരംഭങ്ങൾക്ക് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും നിലവിലുള്ള സാങ്കേതികവിദ്യ വിപുലീകരിക്കാനുമായി നല്‍കുന്ന സാമ്പത്തികപിന്തുണയാണിത്. സംരംഭം വാങ്ങാൻ ഉദ്ദേശിക്കുന്ന സാങ്കേതികവിദ്യ, യന്ത്രസാമഗ്രികൾ അനുബന്ധോപകരണങ്ങൾ (ഭൂമി, കെട്ടിടം ഒഴികെ) എന്നിവയുടെ ചെലവിന്റെ 40% [ഒരു സംരംഭകയ്ക്ക്(ന്) 50,000 രൂപ എന്ന നിരക്കിൽ സംരംഭകരുടെ എണ്ണത്തിന് ആനുപാതികമായി പരമാവധി 5,00,000 രൂപ എന്ന പരിധിക്കു വിധേയമായി) ടെക്‌നോളജി അപ്ഗ്രഡേഷൻ ഫണ്ടായി അനുവദിക്കും. ഇതിനുപുറമേ വേണ്ടിവരുന്ന തുക ബാങ്കുവായ്പ, ഗുണഭോക്തൃവിഹിതം, മറ്റു ധനസ്രോതസുകൾ തുടങ്ങിയവയിലൂടെ കണ്ടെത്തണം.

സൂക്ഷ്മസംരംഭങ്ങള്‍ക്കുള്ള വിപണനപിന്തുണകൾ

മാസച്ചന്ത
ഓരോ ബ്ലോക്കിലും നഗരതദ്ദേശസ്വയംഭരണപ്രദേശത്തും തിരഞ്ഞെടുത്ത സിഡിഎസുകൾ മുഖേന മാസന്തോറും മൂന്നുനാലു ദിവസങ്ങളിലായി കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനുള്ള വേദി. ഇതിന്റെ നടത്തിപ്പുചുമതല തെരഞ്ഞെടുക്കപ്പെട്ട സിഡിഎസുകള്‍ക്കാണ്. ഇതിനായി ഗ്രാമീണമേഖലയ്ക്കു 4,000 രൂപയും മുനിസിപ്പാലിറ്റിക്ക് 10,000 രൂപയും കോര്‍പ്പറേഷന് 15,000 രൂപയും വീതം ജില്ലാമിഷൻ നല്‍കും. ഒരുവര്‍ഷം 10 മാസച്ചന്തകളാണ് ഓരോ ബ്ലോക്കിലും നഗരതദ്ദേശസ്വയംഭരണമേഖലയിലും നടത്തുന്നത്.

ആജീവികാ ഗ്രാമീൺ എക്സ്‌പ്രസ് യോജന
യാത്രാക്ലേശം പരിഹരിക്കാൻ ജില്ലയിലെ തെരഞ്ഞെടുക്കുന്ന ബ്ലോക്കിൽ മൂന്നു വാഹനം വാങ്ങാൻ 6.5 ലക്ഷം രൂപവീതം നല്‍കുന്ന പദ്ധതി.

സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ഓന്ത്രപ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി)
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃതപദ്ധതി. ഒരു ബ്ലോക്ക് പ്രദേശത്ത് പരമാവധി വ്യക്തിഗത/ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുകയാണു ലക്ഷ്യം. കേരളത്തിലെ തെരഞ്ഞെടുത്ത 14 ബ്ലോക്കുകളിൽ നടപ്പിലാക്കുന്നു. വ്യക്തിഗതസംരംഭങ്ങൾക്ക് 50,000 രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് 1,00,000 രൂപയും കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ടിൽനിന്നു വായ്പയായി ലഭ്യമാക്കും. നാലു ശതമാനമാണു പലിശ.

സാമൂഹികശാക്തീകരണപദ്ധതികൾ

അഗതിരഹിതകേരളം
ഈ പദ്ധതിയ്ക്ക് പദ്ധതിത്തുകയുടെ 40% അല്ലെങ്കിൽ 50 ലക്ഷം രൂപ ഏതാണോ കുറവ് അതാണ് ചലഞ്ച് ഫണ്ടായി കുടുംബശ്രീ മിഷനിൽനിന്ന് അനുവദിക്കുക. എസ്.ടി. പ്രൊജക്റ്റുകൾക്ക് 40% അല്ലെങ്കിൽ 50 ലക്ഷം രൂപ ഏതാണോ കുറവ് അതായിരിക്കും അനുവദിക്കുക. പത്തിൽ കൂടുതൽ എസ്.ടി. കുടുംബങ്ങളുള്ള തദ്ദേശഭരണസ്ഥാപനങ്ങൾ തയ്യാറാക്കുന്ന ദാരിദ്യനിര്‍മാര്‍ജന ഉപപദ്ധതിയിൽ അഗതികുടുംബങ്ങൾക്കു പ്രത്യേക പ്രൊജക്റ്റ് ‘അഗതിരഹിതകേരളം’ എന്ന പേരിൽ ഉണ്ടായിരിക്കണമെന്നു സര്‍ക്കാർ നിര്‍ദേശിച്ചിട്ടുണ്ട്.

കുടുംബത്തിനു ബാധകമായ ക്ലേശഘടകങ്ങൾ 

ക്രമ നമ്പർ ഗ്രാമപ്രദേശങ്ങൾ നഗരപ്രദേശങ്ങൾ
1. ഭൂരഹിതർ/10 സെന്റിൽ താഴെ ഭൂമിയുള്ളവർ ഭൂരഹിതർ/10 സെന്റിൽ താഴെ ഭൂമിയുള്ളവർ
2. ഭവനരഹിതർ/ജീര്‍ണ്ണിച്ച വീട്ടിൽ താമസിക്കുന്നവർ ഭവനരഹിതർ/ജീര്‍ണ്ണിച്ച വീട്ടിൽ താമസിക്കുന്നവർ
3. 150 മീറ്ററിനുള്ളിൽ കുടിവെള്ളസൗകര്യം ഇല്ല 150 മീറ്ററിനുള്ളിൽ കുടിവെള്ളസൗകര്യം ഇല്ല
4. ശുചിത്വകക്കൂസ് ഇല്ല ശുചിത്വകക്കൂസ് ഇല്ല
5. ജോലിയുള്ള ഒരാൾ പോലുമില്ലാത്ത കുടുംബം (ഒരു മാസം 10 ദിവസത്തിൽ താഴെ മാത്രം ജോലി) ജോലിയുള്ള ഒരാൾ പോലുമില്ലാത്ത കുടുംബം (ഒരു മാസം 10 ദിവസത്തിൽ താഴെ മാത്രം ജോലി)
6. വനിത കുടുംബനാഥയായുള്ള കുടുംബം വനിത കുടുംബനാഥയായുള്ള കുടുംബം
7. ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്നവരോ തീരാവ്യാധികൾ പിടിപെട്ടവരോ ഉള്ള കുടുംബം ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്നവരോ തീരാവ്യാധികൾ പിടിപെട്ടവരോ ഉള്ള കുടുംബം
8. പട്ടികജാതി/പട്ടികവര്‍ഗ്ഗം/ മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച കുടുംബം പട്ടികജാതി/പട്ടികവര്‍ഗ്ഗം/ മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച കുടുംബം
9. പ്രായപൂര്‍ത്തിയായ നിരക്ഷരർ ഉള്ള കുടുംബം പ്രായപൂര്‍ത്തിയായ നിരക്ഷരർ ഉള്ള കുടുംബം

 കുടുംബത്തിനു ബാധകമായ ക്ലേശഘടകങ്ങൾ

ഗ്രാമപ്രദേശങ്ങൾ നഗരപ്രദേശങ്ങൾ
1. ഭവന നിര്‍മ്മാണത്തിന് ഭൂമി ഇല്ലാത്തവർ (പുറമ്പോക്കുഭൂമി, വനഭൂമി, കനാലുകളുടെയും പാടശേഖരങ്ങളുടെയും പുറംബണ്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ) 1. രാത്രികാലം, പൊതുസ്ഥലങ്ങളിലും തെരുവുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർ
2. പൊതുസ്ഥലങ്ങളിലും തെരുവുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർ 2. സാമ്പത്തികപരാധീനതകൾ അനുഭവിക്കുന്ന അകാലത്തിൽ വിധവകളാകേണ്ടിവന്നവർ, വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന വനിതകൾ
3. അവിവാഹിതരായ അമ്മ/ അമ്മയും കുഞ്ഞും മാത്രം/ ഭര്‍ത്താവ് ഉപേക്ഷിച്ചതും ദുരിതമനുഭവിക്കുന്നതുമായ സ്ത്രീകൾ 3. ഭിക്ഷാടനം നടത്തി നിത്യവൃത്തി കഴിക്കുന്നവർ
4. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന അകാലത്തിൽ വിധവകളാകേണ്ടിവന്നവർ, വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന വനിതകൾ 4. കുടുംബത്തിൽ ഭക്ഷണത്തിനു വക കണ്ടെത്താൻ കഴിവുള്ള 60 വയസ്സിനു താഴെ പ്രായമുള്ള ആരുംതന്നെ ഇല്ലാത്ത കുടുംബം
5. തീരാവ്യാധികൾ/ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത അസുഖങ്ങൾ ഉള്ളവരും ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്നവരും 5. അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള വനിതകൾ
6. കുടുംബത്തിൽ ഭക്ഷണത്തിനു വക കണ്ടെത്താൻ കഴിവുള്ള 60 വയസ്സിനുതാഴെ പ്രായമുള്ള ആരുംതന്നെയില്ലാത്ത കുടുംബം 6. തെരുവു കുട്ടികൾ, ദുര്‍ഗ്ഗുണപരിഹാരപാഠശാല, അഗതി മന്ദിരം എന്നിവടങ്ങളിൽ കഴിയുന്ന കുട്ടികൾ ഉള്ള കുടുംബം
7. ഭിക്ഷാടനം നടത്തി നിത്യവൃത്തി കഴിക്കുന്നവർ 7. കുടുംബം പോറ്റാൻ തൊഴിൽ ചെയ്യാൻ നിര്‍ബന്ധിതാരായ 14 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ള കുടുംബം
8. അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള വനിതകൾ 8. ലൈംഗികത്തൊഴിലാളികൾ (Commercial sex workers) ഉള്ള കുടുംബം
  9. അബലമന്ദിരത്തിൽ താമസിക്കുന്ന വനിത അംഗമായുള്ള കുടുംബം
  10. ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബം

പട്ടികവര്‍ഗ്ഗമേഖലയിലൂടെ പ്രത്യേക പ്രൊജക്റ്റുകൾ

അയല്‍ക്കൂട്ടത്തിലെ 70% അംഗങ്ങളും പട്ടികവര്‍ഗ്ഗമേഖലയിൽ ഉള്‍പ്പെട്ടതാണെങ്കിൽ ആ അയല്‍ക്കൂട്ടത്തെ സ്‌പെഷ്യൽ അയല്‍ക്കൂട്ടമായി കണക്കാക്കും.

അഫിലിയേഷൻ ഫീസ്: പട്ടികവര്‍ഗ്ഗമേഖയിലെ അയല്‍ക്കൂട്ടത്തിന് സി.ഡി.എസിൽ രജിസ്റ്റർ ചെയ്യാൻ ഫീസ് ഇല്ല.
രജിസ്റ്റർ ബുക്ക്: പട്ടികവര്‍ഗ്ഗമേഖലയിലെ അയല്‍ക്കൂട്ടങ്ങൾക്കു രജിസ്റ്റർ ബുക്കുകൾ ഒറ്റതവണ സൗജന്യമായി നല്‍കുന്നു.
ഓഡിറ്റ് ഫീസ്: അയല്‍ക്കൂട്ടത്തിന്റെ വര്‍ഷാവര്‍ഷം നടത്തുന്ന ഓഡിറ്റിങ്ങിൽ സാധാരണ അയല്‍ക്കൂട്ടങ്ങൾക്ക് 200 രൂപയാണ്. എന്നാൽ പട്ടികവര്‍ഗ്ഗമേഖലയിലെ അയല്‍ക്കൂട്ടങ്ങൾക്കു 100 രൂപയാണ് ഓഡിറ്റ് ഫീസ്.
കോര്‍പ്പസ് ഫണ്ട്: പുതുതായി രൂപവത്ക്കരിക്കുന്ന അയല്‍ക്കൂട്ടങ്ങൾക്ക് ഒറ്റതവണ 10,000 രൂപ കോര്‍പ്പസ് ഫണ്ട് നല്‍കുന്നു
മാച്ചിങ് ഗ്രാന്റ്: ഗ്രേഡിങ് കഴിഞ്ഞാൽ ലിങ്കേജ് വായ്പ എടുക്കാതെതന്നെ മാച്ചിങ് ഗ്രാന്റ് നല്‍കുന്നു
സംരംഭങ്ങൾ: പട്ടികവര്‍ഗ്ഗവകുപ്പ് 100% ഫണ്ട് സൗജന്യമായി സംരംഭകർക്കു നല്‍കുന്നു.
ഉപജീവനത്തൊഴിലുകൾ: പ്രദേശത്തിന്റെ പ്രാധാന്യം അനുസരിച്ച് ഉപജീവനത്തൊഴിലുകൾക്കു പരിശീലനവും പദ്ധതിരൂപവത്ക്കരണവും അതതുപ്രദേശങ്ങളിൽ ചെന്ന് കൊടുക്കുന്നു.
സംരംഭകത്വവികസനപരിശീലനം: ജി.ഒ.റ്റി., ഇ.ഡി.പി. സ്കിൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്കു സ്റ്റൈപ്പെൻഡ് നല്‍കുന്നു
കൃഷി: പുതുതായി രൂപവത്ക്കരിക്കുന്ന പട്ടികവര്‍ഗ്ഗ ജെ.എൽ.ജികൾക്ക് 4000 രൂപ കോര്‍പ്പസ് ഫണ്ടായി നല്‍കുന്നു

സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങൾ

ജെൻഡർ റിസോഴ്സ് സെന്റർ (ജി.ആർ.സി.)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും വനിതാവികസനപ്രവര്‍ത്തനങ്ങൾക്കും ആവശ്യമായ മാര്‍ഗനിര്‍ദേശവും വൈദഗ്ദ്ധ്യവും പരിശീലനവും നല്കുന്ന സംവിധാനം. ജി.ആർ.സി. പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 രൂപ ഒറ്റത്തവണ സാമ്പത്തികസഹായം നല്‍കുന്നു.

ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം.)
ജീവനോപാധിവികസനത്തിലൂടെ നഗരദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃതപദ്ധതി.

1. സാമൂഹികസംഘടനയും സ്ഥാപനവികസനവും:

അയല്‍ക്കൂട്ട അംഗങ്ങളിൽ 70% നഗരദരിദ്രരായിരിക്കുന്ന സംഘങ്ങൾക്ക് 10,000 രൂപ റിവോൾവിങ് ഫണ്ടായി നല്‍കുന്നു. കുറഞ്ഞത് മൂന്നുമാസമെങ്കിലും സമ്പാദ്യവും വായ്പനൽകലും നടത്തിയിട്ടുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കാണ് അര്‍ഹത.
എഡിഎസ്സുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 രൂപവരെ റിവോൾവിങ് ഫണ്ടായി ലഭിക്കുന്നു.
നഗരത്തിലെ പാവപ്പെട്ടവർക്ക് അവരുടെ സേവനങ്ങളും ഉല്പന്നങ്ങളും വിപണനം ചെയ്യുന്നതിനും പ്രയോജനകരമായ വിവരങ്ങളും മറ്റു സേവനങ്ങളും പ്രാപ്യമാക്കുന്നതിനും സൗകര്യപ്രദമായ ഒരു വേദി എന്ന നിലയിൽ നഗര ഉപജീവന കേന്ദ്രങ്ങൾ എല്ലാ നഗരങ്ങളിലും പ്രവര്‍ത്തനക്ഷമമാക്കുന്നു. ഓരോ നഗര ഉപജീവന കേന്ദ്രത്തിനും 10 ലക്ഷം രൂപവീതമുള്ള ഗ്രാന്റ്, അണ്‍റ്റൈഡ് ഫണ്ട് എന്ന നിലയിൽ മൂന്നു ഗഡുക്കളായി നല്‍കുന്നു.
2. നഗരത്തിലെ ഭവനരഹിതർക്കുള്ള പാര്‍പ്പിടപദ്ധതി:

നഗരത്തിലെ ഭവനരഹിതരായ പാവപ്പെട്ടവർക്കു ശുദ്ധജലം, ശുചിത്വം, ഭദ്രത, സുരക്ഷിതത്വം എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങളോടു കൂടിയ പാര്‍പ്പിടങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയാണു ലക്ഷ്യം.

3. സ്വയംതൊഴിൽ പദ്ധതി (Self Employment Programme – SEP):

നഗരദരിദ്രർക്കു‌ വരുമാനദായകപ്രവർത്തനം എന്ന നിലയിൽ സ്വയംതൊഴിൽ ആരംഭിക്കാൻ ആവശ്യമായ സഹായം ലഭ്യമാക്കു‌ന്നു‌. വ്യക്തിയായോ ഗ്രൂപ്പായോ സംരംഭങ്ങൾ ആരംഭിക്കാം. ഇവർക്ക് ആവശ്യമായ സംരംഭകത്വപരിശീലനം (ഇഡിപി), വൈദഗ്ദ്ധ്യപരിശീലനം എന്നിവ അക്രെഡിറ്റഡ് ഏജൻസികളുടെ സഹായത്തോടെ നല്കി സംരംഭങ്ങൾ ആരംഭിക്കാനുള്ള വൈദഗ്ദ്ധ്യം ലഭ്യമാക്കുന്നു.

സംരംഭം ആരംഭിക്കാൻ ലഭ്യമാക്കുന്ന ബാങ്കുവായ്പയുടെ പലിശയ്ക്ക് സബ്‌സിഡി ലഭ്യമാക്കലാണു പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗതസംരംഭങ്ങള്‍ക്കുള്ള പരമാവധി പദ്ധതിത്തുക 2.5 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങളുടേത് പരമാവധി 10 ലക്ഷം രൂപയുമാണ്. മൂന്ന് അംഗങ്ങളുള്ള ഗ്രൂപ്പ് സംരംഭങ്ങളിൽ ഗുണഭോക്തൃവിഹിതം 5% ആണ്. ബാങ്കുകൾ അനുവദിക്കുന്ന നിലവിലെ പലിശനിരക്കും 7% ഉം തമ്മിലുള്ള വ്യത്യാസമാണു സബ്‌സിഡി.

പി.എം.എ.വൈ (ഗ്രാമം) – ലൈഫ്

ഗ്രാമപ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കുന്ന പദ്ധതിയിൽ 1,20,000 രൂപ നല്‍കുന്നു. കേരളത്തിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വിഹിതം കൂടി ഉള്‍പ്പെടുത്തി പൊതുവിഭാഗത്തിനു 4 ലക്ഷവും പട്ടികവര്‍ഗ്ഗകോളനികളിൽ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാർക്ക് 6 ലക്ഷവും രൂപവീതം നല്‍കുന്നു. ഈ പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന വീടുകൾക്ക് 60 ച.മീറ്ററോ അതിൽക്കൂടുതലോ തറവിസ്തീര്‍ണം ഉണ്ടായിരിക്കണം. ബ്ലോക്ക് പഞ്ചായത്തുകൾ മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്.

അര്‍ഹത:2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് പട്ടിക പ്രകാരം വീടില്ലാത്തവർക്ക്.

പി.എം.എ.വൈ (നഗരം) – ലൈഫ്

നഗരസഭകളിലെ ഭവനരഹിതർക്ക് 2022-ഓടെ ഭവനം എന്ന ലക്ഷ്യം. ചേരിപുനരുദ്ധാരണം, പലിശസബ്‌സിഡിയോടുകൂടിയ ഭവനവായ്പ, അഫോര്‍ഡബിൾ ഹൗസിങ് ഇൻ പാര്‍ട്ട്‌നര്‍ഷിപ്പ്, ഗുണഭോക്താക്കൾക്കു ധനസഹായം നല്‍കി വീടു നിര്‍മ്മിക്കുക എന്നീ നാലു ഘടകങ്ങളിലൂടെ നടപ്പാക്കുന്നു. കേരളത്തിൽ രണ്ടു ഘടകങ്ങളാണു നടപ്പിലാക്കുന്നത്.

a) പലിശസബ്‌സിഡിയോടുകൂടിയ ഭവനവായ്പ: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കും താണവരുമാനക്കാര്‍ക്കും വീടുവാങ്ങാനോ നിര്‍മ്മിക്കാനോ പുനരുദ്ധാരണത്തിനോ ഭവനവായ്പ അനുവദിക്കും. ആറുലക്ഷം രൂപവരെയുള്ള വായ്പകൾക്ക് 6.5% പലിശസബ്‌സിഡി നല്‍കും.

b) ഗുണഭോക്തൃകേന്ദ്രിത ഭവനനിര്‍മാണം, പുനരുദ്ധാരണം: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കും താണവരുമാനക്കാര്‍ക്കും വീടു നിര്‍മ്മിക്കാനും വിപുലീകരിക്കാനും ധനസഹായം. മൂന്നുലക്ഷം രൂപയാണ് വീടു നിര്‍മ്മാണത്തിനു ലഭിക്കുന്നത്.

അര്‍ഹത:

1. കുറഞ്ഞത് മൂന്നുവര്‍ഷമായി നഗരപ്രദേശത്തു താമസിക്കുന്ന കുടുംബങ്ങൾ

2. രാജ്യത്ത് ഒരിടത്തും കുടുംബത്തിനു സ്വന്തമായി വീട് ഉണ്ടായിരിക്കരുത്

3. മൂന്നുലക്ഷം രൂപയിൽ താഴെ വാര്‍ഷികവരുമാനമുള്ളവരാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിൽ ഉള്‍പ്പെടുന്നത്.

4. കുറഞ്ഞ വരുമാനഗ്രൂപ്പിൽ 3 ലക്ഷം മുതൽ 6 ലക്ഷം വരെ രൂപ വരുമാനമുള്ളവർ ഉള്‍പ്പെടുന്നു.

5. തറവിസ്തീര്‍ണം 30 ച.മീറ്റർ മുതൽ 60 ച.മീറ്റർ വരെ ഉള്ളതായിരിക്കണം.

6. സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട്, വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു ഗുണഭോക്തൃകുടുംബം നില്‍ക്കുന്ന ഫോട്ടോ തുടങ്ങിയവ ഗുണഭോക്താവ് ഹാജരാക്കണം. 7. പലിശസബ്‌സിഡിയോടുകൂടിയ ഭവനവായ്പയ്ക്ക് എല്ലാ ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കിൽനിന്നും ലോൺ ലഭിക്കും.

ധനസഹായം:

1. നാലുലക്ഷം രൂപവരെ ഒരു വീടിന്റെ നിര്‍മ്മാണത്തിന്. ഇതിൽ 1.50 ലക്ഷം രൂപ കേന്ദ്രവിഹിതം 50,000 രൂപ സംസ്ഥാനവിഹിതം. 2,00,000 രൂപ നഗരസഭകൾ ലൈഫ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നു.

2. ആറു ലക്ഷം രൂപ വായ്പയെടുക്കുന്ന ഗുണഭോക്താവിനു പ്രതിമാസതിരിച്ചടവ് 6200-ൽനിന്ന് 3800 രൂപയായി മാറുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.


tesz.in
Hey , can you help?
Answer this question