What is the relevance of world nurses day ?
Answered on May 18,2023
ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ഫ്ലോറൻസിന്‍റെ ജനനം.‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗലിന്റെ 200-ാം ജന്മവാർഷികമായ 2020, ആദ്യ അന്താരാഷ്ട്ര നഴ്സസ് ഇയർ ആയിട്ടാണ് ലോകാരോഗ്യസംഘടന ആചരിച്ചത്.
ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നൽകിയാണ് മാതാപിതാക്കൾ ഫ്ലോറൻസിനെ വളർത്തിയത്. എന്നാൽ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറൻസിന് താൽപ്പര്യം. അതിനായി അവർ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ക്രീമിയൻ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നൽകിയ 38 നേഴ്‌സുമാരോടൊന്നിച്ച് സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീർത്തത്. പകൽ ജോലി കഴിഞ്ഞാൽ രാത്രി റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവർ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവർ രോഗികൾക്ക് മാലാഖയായി.