വില്ലജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്തൊക്കെയാണ് ?






Ramesh Ramesh
Answered on July 07,2020

വില്ലജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ താഴെ കൊടുത്തിരിക്കുന്നു.

1.വരുമാന സര്‍ട്ടിഫിക്കറ്റ്

അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്ന രേഖകള്‍, റേഷന്‍കാര്‍ഡ് എന്നിവ ഹാജരാക്കണം. ശമ്പള സര്‍ട്ടിഫിക്കറ്റ്, ഇന്‍കംടാക്‌സ് റിട്ടേണ്‍, പെന്‍ഷന്‍രേഖകള്‍ എന്നിവ തെളിവിനായി ഹാജരാക്കാം. വില്ലേജോഫീസര്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. പരമാവധി ആറുദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം.

2. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (ജാതിസര്‍ട്ടിഫിക്കറ്റ്)

അപേക്ഷകന്റെയും പിതാവിന്റെയും ജാതിരേഖപ്പെടുത്തിയ രേഖകള്‍/സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തഹസില്‍ദാരാണ്. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വില്ലേജോഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതി.

സംസ്ഥാനത്തിന് പുറത്തേക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും തഹസില്‍ദാരാണ്.

വില്ലേജോഫീസറുടെ റിപ്പോര്‍ട്ടുസഹിതമാണ് താലൂക്കോഫീസില്‍ പോകേണ്ടത് . സംസ്ഥാനത്തിനകത്ത് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജോഫീസര്‍ നല്‍കുന്നു. അന്വേഷണത്തിനുശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. പരമാവധി മൂന്നുദിവസം.

3. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്

കേരളത്തില്‍ ജനിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജോഫീസില്‍നിന്ന് ലഭിക്കും.

സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, നികുതിരസീത്, മറ്റുതെളിവുകള്‍ എന്നിവ ഹാജരാക്കണം. അന്വേഷണത്തിനുശേഷം അഞ്ചുദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

4. താമസ സര്‍ട്ടിഫിക്കറ്റ്

കേരളത്തില്‍ ജനിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍ ജനിച്ച് വിവാഹിതരായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികള്‍ക്കും താമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രതിരോധവകുപ്പിലേക്കും മറ്റും വേണ്ട ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തഹസില്‍ദാരാണ്.

സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, നികുതിരസീത്, മറ്റുതെളിവുകള്‍ എന്നിവ ഹാജരാക്കണം. അന്വേഷണത്തിനുശേഷം അഞ്ചുദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

5. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്

ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖയാണിത്. നിശ്ചിതമാതൃകയില്‍ അപേക്ഷ നല്‍കണം. അസ്സല്‍ ആധാരം, അടിയാധാരം, ഭൂനികുതി രസീത് എന്നിവ ഹാജരാക്കണം. നാളുകളായി നികുതി കുടിശ്ശികയുണ്ടെങ്കിലും ഉടമസ്ഥതയെ സംബന്ധിച്ച് സംശയമുണ്ടെങ്കിലും കുടിക്കട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്ഥലം പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കും. പരമാവധി ഏഴുദിവസത്തിനകം നല്‍കണം.

6. ഫാമിലി മെമ്പര്‍ഷിപ്പ് /ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്

ഒരാള്‍ മരിച്ചാല്‍ അടുത്ത അവകാശികളെ നിശ്ചയിക്കുന്നതിനാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അഞ്ചുരൂപ സ്റ്റാമ്പ് പതിച്ച അപേക്ഷ മരണസര്‍ട്ടിഫിക്കറ്റ് സഹിതം വില്ലേജോഫീസര്‍ക്ക് സമര്‍പ്പിക്കണം. രണ്ട് അയല്‍വാസികളില്‍നിന്ന് സ്റ്റേറ്റ്‌മെന്റ് എടുക്കും. വിശദമായ അന്വേഷണവും നടത്തും.

വിവിധ മതവിഭാഗക്കാര്‍ക്ക് പ്രത്യേകമായി നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചാണ് അനന്തരാവകാശികളെ നിശ്ചയിക്കുന്നത്. അന്വേഷണറിപ്പോര്‍ട്ട് വില്ലേജോഫീസര്‍ തഹസില്‍ദാര്‍ക്ക് അയച്ചുകൊടുക്കും. ഗസറ്റില്‍ പരസ്യപ്പെടുത്തി ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തഹസില്‍ദാരാണ്.

വില്ലേജോഫീസറാണ് ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

7. വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് /സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്

അഞ്ചുലക്ഷംവരെയുള്ളവ വില്ലേജോഫീസര്‍ നല്‍കും. അസ്സല്‍ ആധാരം, അടിയാധാരം, നികുതിരസീത്, കുടിക്കട സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അന്വേഷണം നടത്തി ബോധ്യപ്പെട്ടത്തിനുശേഷം 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് ചട്ടം.

8. വിധവാ സര്‍ട്ടിഫിക്കറ്റ്

ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

9. നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ്

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുവദിക്കുന്നു. മാതാപിതാക്കന്മാരുടെ വരുമാനം, സ്റ്റാറ്റസ് പരിഗണിച്ച് ക്രീമിലയറില്‍ വരുമോയെന്ന് പരിശോധിക്കും. നിലവില്‍ ആറുലക്ഷമാണ് വരുമാനപരിധി. ബിസിനസ് വരുമാനമാണ് നോക്കുക. കാര്‍ഷികവരുമാനം ബാധകമല്ല. എന്നാല്‍, തോട്ടഭൂമിയില്‍നിന്നുള്ള (അഞ്ചുഹെക്ടര്‍) വരുമാനം പരിഗണിക്കും.

നിശ്ചിതഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ശമ്പളസര്‍ട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്ന രേഖകള്‍ എന്നിവയും വേണം. സംസ്ഥാനാവശ്യങ്ങള്‍ക്ക് വില്ലേജോഫീസറും കേന്ദ്രത്തിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തഹസില്‍ദാരുമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക

10. റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്

ബന്ധം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍, റേഷന്‍കാര്‍ഡ് ഹാജരാക്കണം.

മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍

പോക്കുവരവ് സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ സ്‌കെച്ച് , അഗതി സര്‍ട്ടിഫിക്കറ്റ്, ആശ്രിത സര്‍ട്ടിഫിക്കറ്റ്, വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ്, പൊസഷന്‍ നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, കണ്‍വര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്, മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങി 24 സര്‍ട്ടിഫിക്കറ്റുകളാണ് പ്രധാനമായും വില്ലേജോഫീസില്‍നിന്ന് ലഭിക്കുക.

മറ്റുസേവനങ്ങള്‍

ജമമാറ്റം/പോക്കുവരവ്

ഉടമസ്ഥാവകാശം മാറുന്നതിനനുസരിച്ച് ഭൂഉടമയുടെ പേരില്‍ നികുതി പിരിക്കുന്നതിനായി വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് ജമമാറ്റം/പോക്കുവരവ് എന്ന് പറയുന്നത്. ആധാരം രജിസ്റ്റര്‍ചെയ്തുകഴിഞ്ഞ് ഒരുമാസത്തിനുശേഷം ആക്ഷേപമൊന്നുമില്ലെങ്കില്‍ പോക്കുവരവ് അനുവദിക്കും .

പോക്കുവരവ് ഫീസ് 5 ആര്‍ വരെ 38 രൂപയാണ്.

5 ആര്‍ മുതല്‍ 20 ആര്‍ വരെ 75 രൂപ

20 ആര്‍ മുതല്‍ 40 ആര്‍ വരെ 150 രൂപ

40 ആര്‍ മുതല്‍ രണ്ടുഹെക്ടര്‍വരെ 300 രൂപ

രണ്ടുഹെക്ടറിന് മുകളില്‍ 750 രൂപ

(ഒരു ആര്‍= 2.47 സെന്റ്).


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide