ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം ?


അപ്രതീക്ഷിതമായി എത്തുന്ന ഒരു രോഗം മതി സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ അടിത്തറ ഇളക്കാന്‍. ചികില്‍സാച്ചെലവുകള്‍ വര്‍ഷം തോറും ഭീമമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തില്‍ കുടുംബത്തിന് മുഴുവനുമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടിസ്ഥാന ആവശ്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കൂടുതല്‍പ്പേര്‍ ഇപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുന്നു. വിവിധ കമ്പനികള്‍ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ അവ ശ്രദ്ധയോടെ നോക്കി തെരഞ്ഞെടുത്തില്ലെങ്കില്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെന്നില്ല.

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കും മുമ്പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍:

ഇൻഷുറൻസ് ഏജന്റിന്റെ മധുരമുള്ള വാക്കുകൾ വിശ്വസിച്ചു ചതിയിൽ പെടുന്നവരാണ് അധികം ഉപഭോക്താക്കളും. അതുകൊണ്ട് പോളിസി എടുക്കുന്നതിനു മുൻപ് തന്നെ terms and conditions സ്വയം വായിച്ചു ബോധ്യപ്പെടുക. അല്ലെങ്കിൽ ഒരു അഭിഭാഷകന്റെ സഹായം തേടുക.

  1. എത്രയും നേരത്തെ എടുക്കുക

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ ഏറ്റവും ആരോഗ്യത്തോടെയിരിക്കുന്ന യുവത്വത്തില്‍ തന്നെ അത് ആരംഭിക്കുന്നതാണ് നല്ലത്. കാരണം നിലവിലുള്ള അസുഖങ്ങള്‍ക്ക് മിക്ക പദ്ധതികളിലും കവറേജ് ലഭിക്കാറില്ല. മാത്രമല്ല പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് പ്രീമിയത്തിലും കുറവുണ്ടാകും.

  1. മുറിവാടകയുടെ പരിധി അറിയുക

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഹോസ്പിറ്റല്‍ മുറിയുടെ വാടകയ്ക്ക് പരിധിയുണ്ടാകും. അത് എത്രയാണെന്ന് ചോദിച്ചറിയുക. ഉദാഹരണത്തിന് മുറിവാടകയുടെ പരിധി 4000 രൂപയാണെങ്കില്‍ 5000 രൂപയുടെ മുറിയാണ് എടുക്കുന്നതെങ്കില്‍ അധിക തുക സ്വയം നല്‍കേണ്ടി വരും. അതനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുക. സാധാരണഗതിയില്‍ നിങ്ങളുടെ ഹെല്‍ത്ത് കവറിന്‍റെ ഒന്നോ രണ്ടോ ശതമാനമായിരിക്കും മുറിവാടകയ്ക്കായി അനുവദിച്ചിട്ടുള്ള തുക. ഉദാഹരണത്തിന് മൂന്ന് ലക്ഷം രൂപയുടെ കവറേജില്‍ ഒരു ശതമാനമാണെങ്കില്‍ 3000 രൂപയായിരിക്കും ദിവസേനയുള്ള മുറിവാടകയുടെ പരിധി. അത് എത്രയാണെന്ന് ചോദിച്ചറിയുക.

  1. ഏതൊക്കെ ആശുപത്രികളാണ് ഉള്ളത്?

നിങ്ങളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹോസ്പിറ്റല്‍ ശൃംഖലകള്‍ ഏതാണെന്ന് അറിയുക. നിങ്ങളുടെ അടുത്തുള്ളതും പോകാന്‍ സാധ്യതയുള്ളതുമായ ആശുപത്രികള്‍ ഈ ലിസ്റ്റില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇവയില്‍ കാഷ്ലസ് സംവിധാനം ഉണ്ടെന്നും ഉറപ്പാക്കുക. പോളിസി എടുക്കുന്നതിന് മുമ്പ് സ്ഥിരമായി പോകുന്ന ആശുപത്രികളിലെ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരോട് അഭിപ്രായം ചോദിക്കുകയുമാകാം. *ക്ലെയി സ്ഥിരമായി നിരസിക്കുന്ന ഇന്‍ഷുറന്‍സ്* *കമ്പനികളെ കണ്ടെത്താന്‍ ഇതൊരു മാര്‍ഗമാണ്.*

  1. നിലവിലുള്ള രോഗങ്ങള്‍ക്ക് ക്ലെയിം ലഭിക്കാനുള്ള സമയം

പോളിസി എടുക്കുന്ന സമയത്ത് നിലവിലുള്ള അസുഖങ്ങള്‍ക്ക് ക്ലെയിം ലഭിക്കാറില്ല. എന്നിരുന്നാലും പോളിസി എടുത്തുകഴിഞ്ഞ് നിശ്ചിത കാലാവധി കഴിയുമ്പോള്‍ നിലവിലുണ്ടായിരുന്ന രോഗങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കാറുണ്ട്. ഈ കാലാവധി സാധാരണഗതിയില്‍ 24 മാസങ്ങള്‍ മുതല്‍ 48 മാസങ്ങള്‍ വരെയാണ്. ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്തുക.

  1. നോ ക്ലെയിം ബോണസ്

നിങ്ങള്‍ പോളിസി എടുത്തശേഷം ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി തരുന്ന ബെനഫിറ്റ് ആണ് നോ ക്ലെയിം ബോണസ്. പ്രീമിയം കൂടാതെ തന്നെ നിങ്ങളുടെ കവര്‍ കൂടാന്‍ ഇത് സഹായിക്കും. പക്ഷെ ക്ലെയിം വന്നാല്‍ ഇത് സാധാരണ കവറേജിലേക്ക് താഴാം. ഓരോ ഇന്‍ഷുറന്‍സ് പ്ലാനുകളിലും ഇത് വ്യത്യസ്തമായിരിക്കും എന്നതിനാല്‍ നോ ക്ലെയിം ബോണസ് എത്രയാണെന്ന് ചോദിച്ചറിയുക.

  1. ഏതൊക്കെ അസുഖങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്?

നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്ലാനില്‍ ഏതൊക്കെ അസുഖങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് വിശദമായി അറിയുക. ഉദാഹരണത്തിന് ചില ഗൈനക് സംബന്ധമായ ട്രീറ്റ്മെന്‍റുകള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ സാധാരണഗതിയില്‍ ഉള്‍ക്കൊള്ളിക്കാറില്ല. എന്നാല്‍ പ്രസവം അടക്കമുള്ളവ കവര്‍ ചെയ്യുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. നിങ്ങളുടെ ആവശ്യം അറിഞ്ഞ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുക.

  1. ഡേ കെയറിന് ക്ലെയിം ലഭിക്കുമോ?

സാധാരണഗതിയില്‍ 24 മണിക്കൂറില്‍ താഴെയുള്ള ട്രീറ്റ്മെന്‍റ് പ്രൊസീജ്യറുകള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാറില്ല. എന്നാല്‍ ചികില്‍സാസൗകര്യങ്ങള്‍ വളരെ മെച്ചപ്പെട്ട ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറിയ സര്‍ജറികള്‍ക്ക് ആശുപത്രിവാസം ആവശ്യമായി വരാറില്ല. അതുകൊണ്ട് ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡേ കെയര്‍ ചികില്‍സകള്‍ക്ക് ക്ലെയിം അനുവദിക്കാറുണ്ട്. എന്നാല്‍ ഏതൊക്കെ പ്രൊസീജ്യറുകള്‍ക്കാണ് ഇത്തരത്തിലുള്ള സൗകര്യം ഉള്ളതെന്ന് നേരത്തെ ചോദിച്ചറിയുക. ഇത്തരത്തില്‍ ക്ലെയിം ലഭിക്കുമെങ്കില്‍ അത്തരം പോളിസികള്‍ക്ക് പ്രാധാന്യം നൽകുക

ഏതെങ്കിലും രീതിയിൽ നിങ്ങൾ പറ്റിക്കപെട്ടുവെന്ന് തോന്നുകയാണെങ്കിൽ ഉപഭോക്ത കമ്മീഷനെ സമീപിക്കുവാൻ ഒരു അഭിഭാഷകന്റെ സഹായം തേടുക.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075