ഒരു പഞ്ചായത്ത് മെമ്പർക്ക് ഉള്ള അധികാരങ്ങൾ എന്തൊക്കെയാണ് ? മറ്റു എന്തൊക്കെ പ്രിവിലേജ്കൾ ലഭിക്കുമെന്ന് കൂടി പറയാമോ ?


Answered on February 27,2021
പഞ്ചായത്ത് അംഗം എന്ന നിലയിൽ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ കൂട്ടുത്തരവാദിത്തത്തോടെ നിർവഹിക്കുന്നതിൽ പങ്കുവഹിക്കുക എന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള പഞ്ചായത്തംഗത്തിന്റെ ഏറ്റവും പ്രധാനപെട്ട കടമ.
പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 158 ൽ അംഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
പഞ്ചായത്ത് യോഗങ്ങളിൽ പ്രമേയം അവതരിപ്പിക്കുക, പഞ്ചായത്ത് പ്രസിഡന്റിനോടോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോടോ ഭരണ സംബന്ധിയായ വിഷയങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുക, പ്രസിഡന്റിന് നോട്ടീസ് നൽകിയ ശേഷം പഞ്ചായത്തിലെ വിജ്ഞാപിത പ്രമാണങ്ങൾ ഒഴികെയുള്ള റെക്കോഡുകൾ നോക്കുക, പഞ്ചായത്ത് നടത്തുന്ന ജോലികളോ പദ്ധതികളോ പരിശോധന നടത്തുക, ജനങ്ങളുടെ ആവശ്യങ്ങൾ, പണികളിലെ വീഴ്ച, പൊതു പ്രധാന്യമുള്ള വിഷയങ്ങൾ എന്നിവ സംബന്ധിച്ച് പഞ്ചായത്തിന്റെ ശ്രദ്ധ ക്ഷണിക്കുക തുടങ്ങിയവ പഞ്ചായത്ത് അംഗത്തിന്റെ അവകാശങ്ങളാണ്.
പഞ്ചായത്ത് അംഗം അധ്യക്ഷനായുള്ള കമ്മിറ്റികൾ യഥാവിധി യോഗങ്ങൾ ചേർന്ന് തീരുമാനങ്ങൾ കൈകൊണ്ട് നടപ്പിലാക്കുക, പഞ്ചായത്ത് അംഗം അദ്ദേഹം അംഗമായിട്ടുള്ള കമ്മിറ്റികളിൽ വീഴ്ച കൂടാതെ പങ്കെടുത്ത് തീരുമാനങ്ങളിൽ ഭാഗഭാക്കാകുക, പഞ്ചായത്ത് അംഗം അദ്ദേഹം കൺവീനറായുള്ള ഗ്രാമസഭ യഥാസമയങ്ങളിൽ വിളിച്ചു കൂട്ടുക എന്നിവയും പഞ്ചായത്ത് അംഗങ്ങളുടെ ചുമതലകളാണ്.